*ഓർഗാനിക് ചിക്കൻ.എന്ത് എങ്ങനെ*??
അന്തർദേശീയ തലത്തിൽ ആവശ്യയകതയും വിപണിമൂല്യവും വർധിച്ചു വരുന്നു വിഭാഗമാണ് ഓർഗാനിക് ഉത്പന്നങ്ങൾ.
കോഴിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്.
സാധാരണ രീതിയിൽ വളർത്തുന്ന കോഴിയിറച്ചിയെക്കാളും, മുട്ടയെക്കാളും,നാലോ അഞ്ചോ ഇരട്ടി വിലയാണ് ഓർഗാനിക് രീതിയിൽ വളർത്തിയ കോഴിയിറച്ചി
ക്കും മുട്ടകൾക്കും.
ഓർഗാനിക് രീതിയിൽ കോഴികളെ വളർത്തിയെടുക്കാൻ ചെലവ് വളരെ കൂടുതലാണ് എന്ന് തന്നെ കാരണം.
വിപണിയിൽ കാണുന്ന ചില അർദ്ധ ഓർഗാനിക് ചിക്കൻ ഉത്പന്നങ്ങളുടെ വളർത്തു രീതികൾ നോക്കിയാൽ ,
ആന്റിബയോട്ടിക് ഫ്രീ,സിന്തെറ്റിക് ഫ്രീ, ഫ്രീ റേഞ്ച് ചിക്കൻ, കേജ് ഫ്രീ ചിക്കൻ എന്നിവയാണ് , ഇവ നാലും ചേർന്നതിനെയാണ് നൂറു ശതമാനം ഓർഗാനിക് എന്ന് വിളിക്കാവുന്നത്.
ഓർഗാനിക് രീതിയിൽ വളർത്തുന്ന കോഴികൾക്ക് പോഷകമൂല്യം കൂടുതലാണോ എന്നുള്ളത് ഒരു തർക്കവിഷയമായി നിലനിൽക്കേ അവയുടെ ആവശ്യകത ദിനം പ്രതി വർധിച്ചു വരികയാണ്.
എന്തൊക്ക കാര്യങ്ങൾ ചെയ്താലാണ് വ്യവസായിക അടിസ്ഥാനത്തിൽ കോഴികളെ ഓർഗാനിക് രീതിയിൽ വളർത്തിയെടുക്കാൻ സാധിക്കുന്നത്?
അന്തർദേശീയതലത്തിൽ സ്വീകരിച്ചു വരുന്ന ഓർഗാനിക് മാനദണ്ഡങ്ങൾ നോക്കാം.
1.കൃത്രിമമായി നിർമിച്ച ഉത്പന്നങ്ങൾ ഒന്നും തന്നെ തീറ്റയിലോ മറ്റോ ഉപയോഗിക്കാൻ പാടില്ല.
സാധാരണ ഗതിയിൽ കോഴികളുടെ വളർച്ചക്ക് സഹായകമാകുന്ന രീതിയിൽ കുറഞ്ഞയളവിൽ ആന്റിബയോട്ടിക്കുകൾ തീറ്റയിൽ ചേർക്കുന്ന പതിവുണ്ട്. പക്ഷെ അടുത്തകാലത്തായി ആന്റിബയോട്ടിക്കുകളെ പിന്നിലാക്കി പ്രോബയോട്ടിക്കുകൾ അഥവാ ഉപകാരികളായ ബാക്റ്റീരിയകൾ ആണ് കൂടുതലായും ഉപയോഗിക്കുന്നത്.
ഓർഗാനിക് രീതിയിൽ വളർത്തുന്ന കോഴികളിൽ നിശ്ചയമായും ആന്റിബയോട്ടിക്കുകൾക്കു പകരം പ്രോബയോട്ടിക്കുകൾ തന്നെ ഉപയോഗിക്കണം.
ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാൻ പാടില്ല.
ഇതിനു പുറമെ കൃത്രിമമായി ഉൽപാദിപ്പിച്ച അമിനോ അമ്ളങ്ങൾ , വിറ്റാമിനുകൾ, മറ്റു മിനറലുകൾ, കോക്‌സിഡിയ മരുന്നുകൾ എന്നിവയും ഓർഗാനിക് തീറ്റയിൽ ചേർക്കാൻ പാടില്ല.അതായത് പ്രകൃതി ദത്തമായ ഉൽപന്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.
അതുകൊണ്ടുതന്നു ഓർഗാനിക് രീതിയിൽ വളരുന്ന കോഴികളുടെ വളർച്ചാ നിരക്ക് കുറവായിരിക്കും.
35 ദിവസം കൊണ്ട് 2 കിലോ തൂക്കം വരുന്ന ബ്രോയ്ലർ കോഴികൾ ഓർഗാനിക് രീതിയിൽ വളർത്തിയാൽ 45 ദിവസം വരെ സമയമെടുത്താലേ 2 കിലോ ശരീരഭാരം ലഭിക്കൂ.
2.ചെറിയ കൂടുകളിൽ വളർത്താൻ പാടില്ല.
പ്രത്യേകിച്ചും മുട്ടക്കോഴികളെ കൂടുകൾ നിർമിച്ചു അടുക്കുകളായി വളർത്തുകയാണ് പതിവ്. എന്നാൽ ഓർഗാനിക് രീതിയിൽ വിരിപ്പ് സംവിധാനം മാത്രമേ ഉപയോഗിക്കാവൂ.മുട്ട ക്കോഴികൾക്ക് ഒരു കോഴിക്ക് 3 ചതുരശ്ര അടി സ്ഥല സൗകര്യം നൽകാവുന്നതാണ്.
ബ്രോയ്ലർ കോഴികൾ സാധാരണയായി വിരിപ്പ് രീതിയിൽ തന്നെയാണ് വളർത്തുന്നത്, അവക്ക് ഒരു ചതുരശ്ര അടി വീതം സ്ഥലം നൽകണം.
3. ദിവസത്തിൽ കുറച്ചു മണിക്കൂറെങ്കിലും തുറസ്സായ, സൂര്യപ്രകാശം ലഭിക്കുന്ന, തണലുള്ള സ്ഥലങ്ങളിൽ ചിക്കിപെറുക്കാൻ തുറന്നു വിടണം. അവയുടെ സ്വഭാവികമായ വ്യായാമ സ്വഭാവങ്ങൾ അനുവദിക്കാൻ വേണ്ടിയാണിത്.
ഇത് മാംസത്തിലെ കൊള്ളാജൻ ഫൈബെറുകളുടെ അളവ് വർധിപ്പിക്കും.ചിക്കിപെറുക്കുക, ഓടിനടക്കുക എന്നീവക്കുള്ള സൗകര്യം ഈ സ്ഥലത്ത് ഒരുക്കി നൽകണം.ഒരു കോഴിക്ക് 5 ചതുരശ്ര അടി സ്ഥലം നൽകണം.തണലിനു വേണ്ടി മരങ്ങൾ ഉള്ള സ്ഥലങ്ങൾ വേണം തിരഞ്ഞെടുക്കാൻ.
മറ്റു സമയങ്ങളിൽ ഷെഡിനുള്ളിൽ വിരിപ്പ് രീതിയിൽ വളർത്തണം.
4. പ്രതിരോധ മരുന്നുകൾ വെറ്റിനറി ഡോക്ടറുടെ നിർദേശപ്രകാരം നൽകാവുന്നതാണ്.
6. ഓർഗാനിക് മാംസൊല്പാദനത്തിനും മുട്ടയുല്പാദനത്തിനും വേണ്ടി അത്യുല്പാദന ശേഷിയുള്ള സങ്കരഇനം കോഴികളെ ഒഴിവാക്കി രോഗ പ്രതിരോധ ശേഷി കൂടിയ ഉൽപാദനശേഷി കുറവുള്ള നാടൻ ജനുസ്സുകളെ ഉപയോഗിക്കുന്നത് വിപണി മൂല്യം ഇനിയും വർധിക്കും. പക്ഷെ ഉത്പാദന ചെലവ് കാണക്കാക്കിയ ശേഷം വിപണി കണ്ടെത്തി മാത്രമേ ഇത് ചെയ്യാവൂ.
നാടൻ ജനുസ്സുകൾ വെച്ച് ഓർഗാനിക് രീതിയിൽ ഇറച്ചിയും മാംസവും ഉൽപാദിപ്പിക്കുന്നത് വളരെ ചിലവറിയ കാര്യമാണ്
6. ഓർഗാനിക് രീതിയിൽ വളർത്തുമ്പോൾ കോഴികൾക്ക് അസുഖം വന്നാൽ എന്തുചെയ്യും,?
അസുഖം തുടങ്ങുന്ന ഘട്ടത്തിൽ ഔഷധ സസ്യങ്ങളുടെയും മറ്റും ഉപയോഗം സഹായിക്കും( കോഴിവളർത്തൽ മേഖലയിൽ ഔഷധ സസ്യങ്ങളുടെ ഉപയോഗം മറ്റൊരു ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട് ).
എങ്കിലും മരണ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ആന്റിബയോട്ടിക്കിയകളും കൃത്രിമമായി ഉത്പാധിപ്പിച്ച മരുന്നുകളും മറ്റു ടോണിക്കുകളും നൽകുക, രോഗം ഭേദമായാൽ പക്ഷെ ആ കോഴി ഓർഗാനിക് അല്ലാത്ത രീതിയിലെ മാംസത്തിനു വിൽക്കാൻ പറ്റൂ.അല്ലാത്തപക്ഷം രണ്ട് ആഴ്ച കഴിഞ്ഞു വിപണിയിൽ നൽകണം ബ്രോയ്ലർ അല്ലാത്ത കോഴികളിൽ ഇത് പ്രയോഗികമാണ്.
മുട്ടക്കോഴിയിലാണെങ്കിൽ ചികിത്സ കഴിഞ്ഞ് രണ്ട് ആഴ്ചകൾക്ക് ശേഷം മുട്ട ഓർഗാനിക് മുട്ടയായി ലഭിക്കും.
ഓർഗാനിക് കോഴിയിറച്ചിയും മുട്ടയും വിപണിയിൽ അതിയായ വിപണിമൂല്യം ഉള്ളവയാണെന്നതു സത്യം തന്നെ, എങ്കിലും വിപണിയുടെ വ്യാപ്തി കൂടി മനസിലാക്കിയ ശേഷമേ ഉത്പാദനത്തിന്റെ അളവ് തീരുമാനിക്കാവൂ.
ഡോ :അബ്ദു റഊഫ് പി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ