*മാരക്സ് അസുഖം .*
കോഴികളിലെ കാൻസർ എന്ന് അറിയപ്പെടുന്ന അസുഖമാണ് മാരക്സ് അസുഖം . കരളിലും , നാഡീകളിലും, മറ്റു ആന്തരാവായവങ്ങളിലും ട്യൂമർ പോലെ ഉണ്ടാകുന്നത് കൊണ്ടാണ് മാരേക്സ് അസുഖത്തെ കോഴികളിലെ കാൻസർ എന്ന് വിളിക്കുന്നത്, ചില സമയങ്ങളിൽ തൂവലിന്റെ തുടക്കത്തിലുള്ള ഫോളിക്കിളുകളിലും ട്യൂമർ കാണാൻ സാധിക്കും.
*ലക്ഷണങ്ങൾ*
6 ആഴ്ച മുതൽ 18 ആഴ്ച ക്കിടയിൽ പ്രായമുള്ള മുട്ടക്കോഴികളിലാണ് സാധാരണ ഗതിയിൽ മാരക്സ് അസുഖം കാണാറുള്ളത്,കോഴികൾ അസാധാരണമായി മെലിഞ്ഞു വരുന്നതും, കാലുകളും ചിറകും തളർന്നു പോകുന്നതുമാണ് പ്രധാന ലക്ഷണം,
ഒരു കാൽ മുമ്പിലോട്ടും മറ്റേ കാൽ പിറകിലോട്ടുമായി കോഴി തളർന്നു കിടക്കുന്നതാണ് പ്രശസ്തമായ ലക്ഷണം. മാരക്സ് അസുഖം നഡീ വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നത് കൊണ്ടാണ് ചിറകുകളും കാലുകളും കുഴഞ്ഞു പോകുന്നത് . നാഡീകളിൽ മുഴകൾ ഉണ്ടാക്കുകയും ചെയ്യുന്നു. എങ്കിലും ഈ അവസ്ഥയിൽ എത്തുന്നതിനു മുമ്പേ പലപ്പോഴും തളർച്ച വന്നു നടക്കാൻ സാധിക്കാത്ത കോഴി, തീറ്റയും വെള്ളവും ലഭിക്കാതെ മരണ പ്പെടുകയാണ് പതിവ് .
മാരക്സ് പോലെ തന്നെ ട്യൂമറിനു കാരണമാകുന്ന മറ്റൊരു അസുഖമാണ് ആവിയൻ ലൂക്കോസിസ്.
ഇത് പക്ഷെ 19 ആഴ്ചകൾക്കു ശേഷമാണു കണ്ടുവരുന്നത്, കാലും ചിറകുകളും കുഴയുന്നത് കാണാറുമില്ല.
കോഴികളുടെ തൂവലിന്റെ തുടക്കത്തിലുള്ള ഫോള്ളിക്കിൾ വഴിയും, ആളുകളുടെയും ഉപകരണങ്ങളുടെയും സഞ്ചാരം വഴിയും മാരക്സ് രോഗം ഒരു ഫാർമിൽ നിന്നും മറ്റു ഫർമുകളിലേക്ക് പകരുന്നു.
*പ്രതിരോധം* .
പ്രതിരോധ മാർഗങ്ങളിൽ പ്രാധാനം വാക്‌സിനേഷൻ തന്നെയാണ്.
മൈനസ് 170 ഡിഗ്രിയിൽ താഴെ ലിഖ്വിഡ് നൈട്രജനിൽ സൂക്ഷിക്കേണ്ടതിനാൽ 2000 ഡോസുകൾക്ക് മുകളിലാണ് മാരക്സ് വാക്‌സിൻ വിപണിയിൽ ലഭ്യമായിട്ടുള്ളത് എന്നതിനാൽ,
ഒന്നാം ദിവസം ഹാച്ചരിയിൽ വെച്ചാണ് മാരക്സ് വാക്‌സിൻ ചെയ്യുന്നത്.
വിരിയുന്നതിനു മുമ്പ് 18 ദിവസം ഹാച്ചരിയിൽ ഇരുന്ന കൊത്തുമുട്ടയിൽ വാക്‌സിനേഷൻ ചെയ്യുന്ന സാങ്കേതിക വിദ്യയും നിലവിലുണ്ട്.
ടർക്കി കോഴികളിൽ ബാധിക്കുന്ന HVT എന്ന വൈറസ് ആണ് വാക്‌സിന് വേണ്ടി ഉപയോഗിക്കുന്നത്.
ഇത് വളരെ ഫലപ്രദവുമാണ്.
വാക്‌സിനേഷൻ ചെയ്താലും കോഴികളിൽ മാരക്സ് അണുബാധ ബാധിക്കാറുണ്ട്,പക്ഷെ അത് അസുഖത്തിലേക്കും, മറ്റു ബുദ്ധിമുട്ടിലേക്കും നയിക്കാറില്ല.
കോഴികളുടെ തൂവലിന്റെ ആഗ്രഭാഗത്തെ ഫോള്ളിക്കുളകൾ വഴിയാണ് വൈറസ് കൂടുതലായി ശേഖരിക്കപ്പെടുന്നതും വ്യാപരിക്കുന്നതും.
അതിനാൽ തൂവലുകൾ പാറി പറക്കുക വഴി രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. മാരക്സ് അസുഖം വന്ന ഫാർമുകളിലെ എല്ലാ തൂവലുകളും കരിച്ചു കളയേണ്ടത് അത്യാവശ്യമാണ്.
മണ്ണിലും,കാഷ്ടത്തിലും പൊടിപടലങ്ങളിലും മാസങ്ങളോളം നശിക്കാതെ കഴിയാനുള്ള ശക്തി മാരക്സ് വൈറസുകൾക്ക് ഉണ്ട്, ആയതിനാൽ കൃത്യമായ അണുനാശിനി സ്പ്രൈകൾക്കും ഫ്യുമികേഷനും മാത്രമേ അവയെ നശിപ്പിക്കാൻ സാധിക്കൂ.
മാരക്സ് അസുഖതിന് ഫലപ്രദമായ ചികിത്സ ഇല്ല എന്നുള്ളത് കൊണ്ട്,
കർഷകർക്ക് ലഭിക്കുന്ന കോഴിക്കുഞ്ഞുങ്ങൾ മാരക്സ് വാക്‌സിൻ ചെയ്തതാണ് എന്ന് രേഖകൾ സഹിതം ബോധ്യപെടുക, കൂടാതെ കൃത്യമായ ജൈവ സുരക്ഷ മാർഗങ്ങളും, വൃത്തിയും സൂക്ഷിച്ചാൽ മാരേക്സ് അസുഖം വരാതെ നോക്കാൻ കഴിയും.
ഡോ : അബ്ദു റഊഫ് പി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ