BV380 കോഴികൾ-
കേരളത്തിലെ മുട്ടയുല്പാദനം ഗണ്യമായി വർധിപ്പിച്ച അത്ഭുത കോഴികളാണ് BV380 കോഴികൾ.
ഇന്ത്യൻ പൗൾട്ടറിയുടെ പിതാവ് എന്നറിയപ്പെടുന്ന Dr. BV റാവുവിന്റെ വെങ്കിടെശ്വര ഹാച്ചറീസ് വികസിപ്പിച്ചെടുത്ത മുട്ട കോഴികളാണ് BV380 കോഴികൾ. ഹൈദരാബാദാണ് ഇവയുടെ ആസ്ഥാനം.
എങ്കിലും കേരളത്തിൽ വളരെ പെട്ടെന്ന് പ്രചാരം ലഭിച്ചു BV380 കൾക്ക്.
BV380 കോഴികളെ പോലെ തന്നെ ഇപ്പോൾ പ്രചാരത്തിൽ വരുന്ന കോഴികളാണ് Indibro കോഴികൾ.
Indibro കോഴികൾക്കും വർഷത്തിൽ 300 മുട്ടകൾ വരെ ലഭിക്കുന്നു.
താഴേപറയുന്ന എല്ലാ കാര്യങ്ങളും indibro കോഴികൾക്കും ബാധകമാണ്..
*മൂന്ന് കാരണങ്ങളാണ് പ്രധാനമായും BV380 കോഴികൾക്ക് ഇത്രയും പ്രചാരം ലഭിക്കാൻ സഹായിച്ചത്.*
1. വർഷത്തിൽ 300 മുട്ടകൾ വരെ ഉല്പാദിപ്പിക്കാനുള്ള ജനിതക ശേഷി .
2. നാടൻ കോഴിമുട്ട പോലുള്ള മുട്ടത്തോടിന്റെ തവിട്ടു നിറം.
3. ഓമേഘ- 3 ഫാറ്റി ആസിഡുകളുടെ കൂടുതൽ അളവ്.
കേരളത്തിൽ ഇവക്ക് കൂടുതൽ പ്രചാരം ലഭിച്ചു എങ്കിലും BV380 വളർത്തുന്ന കർഷകർ അവയുടെ തീറ്റ ക്രമത്തിലും പരിചരണത്തിലും അത്ര ശ്രദ്ധ നൽകുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ശാസ്ത്രീയമായ പരിചരണത്തിന്റെ അറിവില്ലായ്മ ഒരു പ്രധാന കാരണം തന്നെയാണ്.
കൃത്യമായ തീറ്റയും കൃത്യമായ പരിചരണവും ഉണ്ടെങ്കിലേ BV380 കോഴിയുടെ ജനിതക ശേഷി മുഴുവനായി ഉപയോഗപെടുത്തി, വർഷത്തിൽ 300 മുട്ടകൾ ഉല്പാദിപ്പുക്കാൻ സാധിക്കുകയോള്ളൂ.ഇതി നു പുറമെ ഇവയെ വളർത്തുന്ന കൂടുകളുടെ അളവും പ്രാധാന്യം നിറഞ്ഞതാണ്.
കൂടുകളിൽ മാത്രമല്ല വിരിപ്പു രീതിയിലും BV380 വളർത്തുന്നവരുണ്ട്.പക്ഷേ കൂടുകളിൽ വളർത്തുന്നവർക്കാണ് കൂടുതൽ ഉത്പാദനം ലഭിക്കുന്നത്.
എങ്കിലും കൂടുതൽ മുതൽ മുടക്കാൻ കഴിയാത്തവർക്ക് വിരിപ്പ് രീതിയും പരീക്ഷിക്കാവുന്നതാണ്.
സാധാരണ ഗതിയിൽ 120 ദിവസം പ്രായമായ കോഴികളെയും അതിന്റെ കൂടുകളുമാണ് കർഷകർ വാങ്ങുന്നത്. ഈ ലേഖനത്തിൽ 120 ദിവസത്തിന് ശേഷം ഉള്ള പരിചരണവും മറ്റു കാര്യങ്ങളും വിശദീകരിക്കുകയാണ് ലക്ഷ്യം . ഒന്നാം ദിവസം മുതൽ 120 ദിവസം വരെയുള്ള പരിചരണങ്ങൾ മറ്റൊരു ലേഖനത്തിൽ വിശദീകരിക്കാം.
120 ദിവസം പ്രായമായ കോഴികൾക്ക് ഇപ്പോഴത്തെ വിപണി വില 180-200 രൂപ വരെയാണ്.
ഇത്തരം കോഴികൾ 4.5 മാസം ആകുന്നതോടുകൂടി മുട്ടയുല്പാദനം തുടങ്ങുന്നു.
*120 ദിവസം പ്രായമായ BV380 കോഴികളെ വാങ്ങുമ്പോൾ കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.*
1. വിശ്വസ്തരായ പരിജയ സമ്പന്നരായ ഏജൻസികളിൽ നിന്നും ഹാച്ചറികളിൽ നിന്നും മാത്രം കോഴികളെ വാങ്ങിക്കുക.
2. 120 ദിവസം പ്രായമായ കോഴികൾക്ക് തവിട്ടുകലർന്ന ചുവപ്പ് നിറമാണ് ഇതിൽനിന്നും വെള്ള നിറത്തിലേക്കോ മറ്റു നിറങ്ങളിലേക്കോ ഉള്ള വ്യതിയാനം മറ്റു കോഴികളുമായി സങ്കരണം നടന്നതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം സങ്കരണം നടന്ന കോഴികളിൽ നിന്നും വർഷത്തിൽ 300 മുട്ടകൾ ലഭിക്കില്ല.
3. ഒന്നാം ദിവസം മുതൽ 120 ദിവസം വരെയുള്ള, മാരെക്സ് അസുഖത്തിന്റെയടക്കം എല്ലാ വാക്സിനുകളും ചെയ്തതിന്റെ, വെറ്റിനറി ഡോക്ടറുടെ സാക്ഷ്യപത്രം കർഷകർ പരിശോധിക്കുന്നത് ഗുണമേന്മയുള്ള കോഴികളെ ലഭിക്കാൻ സഹായിക്കും.
4. ഏജൻസികൾ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ എവിടെനിന്നാണ് വാങ്ങിയത് എന്നും അവർക്ക് വെങ്കിഡേശ്വര ഹാച്ചറീസുമായുള്ള ധാരണാപത്രവും കർഷകർ പരിശോധിക്കുന്നത് നല്ലതാണ്.
വിശ്വസ്തരായ ഏജൻസികൾ ഇത്തരം സർട്ടിഫിക്കറ്റുകൾ അവരുടെ ഓഫീസുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.
5.120 ദിവസം പ്രായമായ കോഴികൾക്ക് 1.7കിലോ -2 കിലോയാണ് ശരീര ഭാരം ഉണ്ടാകുന്നത്. ഇതിനു മുകളിൽ ഭാരമുള്ള കോഴികൾ ആന്തരാവയവങ്ങളിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും, ഇതിനെ തുടർന്ന് മുട്ടയുല്പാദനം തുടങ്ങുന്നത് വൈകാനും, പിന്നീടുള്ള മുട്ടയുല്പാദനം കുറയാനും സാധ്യതകൾ ഏറെയാണ്.
ഇത്തരം കാര്യങ്ങൾ പരിശോദിച്ചു വാങ്ങുന്നതിലൂടെ ഗുണമേന്മയുള്ള കോഴികൾ ലഭിക്കാൻ കർഷകർക്ക് സഹായകമാകും.
BV380 കോഴികളും മറ്റു അത്യുല്പാദന ശേഷിയുള്ള കോഴികളും ക്ലച്ച് (അഥവാ കുറച്ചു മുട്ടയിട്ടതിന് ശേഷം കുറച്ചു ദിവസത്തിനു മുട്ടയിടാതിരിക്കുക ) എന്ന സ്വഭാവം ജനിതക പരമായി ഒഴിവാക്കിയതാണ്.സ്വാഭാവികമായി അടയിരിക്കാൻ വേണ്ടി നാടൻ കോഴികളിലുള്ള സ്വാവഭാവമായിരിന്നു ഇത്.
*കൂടുകൾ* .
120 ദിവസം പ്രായമായ കോഴികളെ പാർപ്പിക്കേണ്ട കൂടുകളുടെ അളവുകൾ താഴെ നൽകുന്നു.
നീളം - 24ഇഞ്ച്.
വീതി -18 ഇഞ്ച്
ഉയരം - 18 ഇഞ്ച്
കോഴികൾ നിൽക്കുന്ന പ്രതലം - 1.5 ഇഞ്ച് x 0.5 ഇഞ്ച്.
ചുറ്റുമുള്ള കള്ളികൾ - 1x2 ഇഞ്ച്
മുകൾഭാഗം -2x2 ഇഞ്ച്
തീറ്റയെടുക്കുന്ന ഭാഗം 2x3 ഇഞ്ച്.
ഇങ്ങനെയുള്ള ഒരു കൂട്ടിൽ 4-5 വരെ മുട്ടയിടുന്ന കോഴികളെ പാർപ്പിക്കാവുന്നതാണ്.
കൂടിന്റെ അളവ് കുറയുന്നത് കോഴികൾ തമ്മിൽ കൊത്താനും തീറ്റ ലഭ്യത കുറയാനും കാരണമാകും.
*തീറ്റക്രമം* .
120 ദിവസം പ്രായമുള്ള കോഴികൾക്ക് ദിവസവും 80 ഗ്രാം ഗ്രോവെർ തീറ്റയായിരിക്കും നല്കികൊണ്ടിരിക്കുന്നത്.
നമ്മൾ വാങ്ങിയ ശേഷം ഏജൻസികൾ കൊടുത്തിരുന്ന അതെ ബ്രാൻഡിലുള്ള ഗ്രോവെർ തീറ്റ, 80 ഗ്രാം ഒരാഴ്ച നൽകുക.
ഒരാഴ്ച്ചക്കു ശേഷം നമ്മുടെ ഇഷ്ടാനുസരണമുള്ള ബ്രാൻഡിലേക്കു തീറ്റ മാറ്റാവുന്നതാണ്. ഇങ്ങനെ തീറ്റ മാറ്റുമ്പോൾ പഴയ തീറ്റ മിക്സ് ചെയ്തു കൊടുക്കണം.ഇത് വളരെ പ്രധാനപെട്ടതാണ്.
മിശ്രണം ചെയ്യേണ്ട രീതി.
1-ദിവസം -75% പഴയത്തീറ്റ + 25% പുതിയ തീറ്റ
2-ദിവസം 50% പഴയ തീറ്റ + 50% പുതിയ തീറ്റ.
3- ദിവസം -25% പഴയ തീറ്റ + 75% പുതിയ തീറ്റ.
ഇങ്ങനെ തീറ്റ മിശ്രണം ചെയ്തു കൊടുക്കുന്നത് കൊണ്ട്, അന്ന നാളത്തിലെ ഉപകാരികളായ പ്രോബയോട്ടിക് ബാക്ടീരിയകൾക്കു പുതിയ തീറ്റയുമായി പരിചയത്തിൽ വരാനും ദഹനത്തിന് സഹായിക്കാനും കഴിയും. കൂടാതെ കോഴികൾ തീറ്റയെടുക്കുന്നതിൽ കുറവ് വരുന്നത് തടയാനും സാധിക്കുന്നു. അല്ലാത്തപക്ഷം ഉപകാ രികളായ പ്രോബയോട്ടിക് ബാക്ടരിയകൾ നശിക്കാനും കുടൽപുണ്ണിനും, കോഴികൾ തീറ്റയെടുക്കുന്നത് കുറയാനും, ദഹനക്കുറവിനും കാരണമാകും.
ഇങ്ങനെ തീറ്റ മിശ്രണം ചെയ്തു കൊടുക്കുമ്പോൾ AD3EC വിറ്റാമിനുകളും പ്രോബയോട്ടിക്കുകളും നൽകുന്നത് ദഹനപ്രക്രിയ കാര്യക്ഷമമാക്കൻ സഹായിക്കും.
മുട്ടയിട്ടു തുടങ്ങുന്നത് വരെ 80 ഗ്രാം ഗുണമേന്മയുള്ള ഗ്രോവെർ തീറ്റ തന്നെ നൽകുക.
4.5 മാസം പ്രായമാകുന്നതോടു കൂടി കോഴികൾ മുട്ടയിട്ടു തുടങ്ങും അപ്പോൾ 90 ഗ്രാം ഗ്രോവെർ തീറ്റ നൽകുക.7 ദിവസത്തിന് ശേഷം 100-110 ഗ്രാം ലയർ തീറ്റയിലോട്ടു മാറാവുന്നതാണ്
ലയർ തീറ്റയിലോട്ടു മാറുമ്പോഴും മുമ്പ് പറഞ്ഞ പഴയ തീറ്റയുമായുള്ള മിശ്രണം നിർബന്ധമാണ്.
മുട്ടയുല്പാദനം 70-80% എത്തിയാൽ ലയർ തീറ്റ ഒരു കോഴിക്ക് 120 ഗ്രാമിലേക്ക് എന്ന നിലയിൽ ഉയർത്തുക.
ശേഷം ബാച്ച് മുഴുവനും 120 ഗ്രാം തന്നെ.
BV380 കോഴികൾക്ക് സമീകൃത കോഴിത്തീറ്റ മാത്രമേ നൽകാവൂ വീട്ടിലെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ നൽകരുത്. ഇത് മുട്ടയുല്പാദനം കുറയ്ക്കും, പ്രധ്യേകിച്ചും കൂടുതൽ അന്നജം അടങ്ങിയ ചോറ് കൊടുക്കുന്നത് മുട്ടയുല്പാദനം പൂർണമായി നിൽക്കാനും കാരണമാകും.
തീറ്റപ്പാത്രം എല്ലാദിവസവും കാലിയായി എന്ന് ഉറപ്പു വരുത്തണം. തീറ്റ കഴിഞ്ഞയുടനെ തീറ്റ നൽകരുത് ഒരു ദിവസം 120ഗ്രാം തീറ്റ മാത്രം നൽകുക. തീറ്റയിലുള്ള പോടി തീറ്റ പാത്രത്തിൽ ബാക്കിയുണ്ടെങ്കിൽ തീറ്റപ്പാത്രം തട്ടി ഇളക്കി കൊടുക്കുക. മിക്കവാറും വിറ്റാമിനുകൾ എല്ലാം തന്നെ ഈ പൊടിയിലായിരിക്കും ഉള്ളത്. ഇത് കോഴി കഴിക്കാക്കാതിരുന്നാൽ മുട്ടയുത്പാദനത്തെയും വളർച്ചയെയും ബാധിക്കും.
ഇത്തരം വിറ്റാമിൻ പൊടികൾ അടക്കമുള്ള മുഴുവൻ തീറ്റയും കോഴികൾ കഴിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
കഴിക്കുന്നില്ലെങ്കിൽ വേറ്റിനറി ഡോക്ടറുടെ സഹായത്തോടെ ആവശ്യമായ ലിവർടോണികുകളും മറ്റു മരുന്നുകളും നൽകേണ്ടതാണ്..
ക്രംബ്ൾ/പെല്ലറ്റു തീറ്റ നൽകുന്നത് ഇത്തരം പൊടിത്തീറ്റകൾ ബാക്കിയാകുന്നത് തടയാൻ സഹായിക്കും.
തീറ്റയിലെ ചോളം മാത്രം കൊത്തിതിന്നുന്ന കോഴികൾ അസുഖം ബാധിച്ചിരിക്കുന്നു എന്നതിന്റെ ലക്ഷണമാണ്.
ഒരു കിലോ തീറ്റക്ക് 25 രൂപ കണക്കാക്കിയാൽ ഒരു കോഴിക്ക് ഒരു ദിവസം 3 രൂപ തീറ്റക്ക് തന്നെ ചിലവാകും.
അതിനാൽ ഗുണമേന്മയുള്ള തീറ്റകൾ പരിചയസമ്പന്നരിൽ നിന്നും മനസ്സിലാക്കുന്നതും., അവ തിരഞ്ഞെടുക്കുന്നതും BV380 വളർത്തലിൽ വളരെ പ്രധാനപെട്ടതാണ്.
*വെള്ളം*.
കോഴികൾ ഏറ്റവും കൂടുതൽ ആഹരിക്കുന്ന പോഷകമാണ് വെള്ളം.
കോഴികൾ കഴിക്കുന്ന തീറ്റയുടെ 2.5 ഇരട്ടി വെള്ളം കുടിക്കും.
വേനൽ കാലത്തു 3 ഇരട്ടിയും.
25 കോഴികൾ ഉള്ള കൂടാണ് വാങ്ങുന്നതെങ്കിൽ ഒരു ദിവസം വേണ്ട വെള്ളത്തിന്റെ അളവ്
25x120x3 = 9000 മില്ലി
9 ലിറ്റർ.ഏകദേശം 10ലിറ്റർ
മറ്റു വേസ്റ്റേജുകൾ കണക്കാക്കിയാൽ 15ലിറ്റർ വെള്ളം കൊള്ളുന്ന ബക്കറ്റ് ആയിരിക്കണം കൂടിനു മുകളിൽ വെക്കേണ്ടത്.
കൂടുതൽ കോഴിവളർത്തുന്നവർ അതിനനുസരിച്ച സജ്ജീകരണങ്ങൾ നടത്തണം.
ബ്ലീച്ചിങ് പൌഡർ കൊണ്ടോ മറ്റു ക്ളോറിൻ ഗുളികകൾ കൊണ്ടോ അണുനശീകരണം നടത്തിയ വെള്ളം നൽകുന്നതാണ് ഉത്തമം.
200 കോഴിക്ക് മുകളിൽ വളർത്തുന്നവർ നിർബന്ധമായും അണുനശീകരണം നടത്തിയ വെള്ളം മാത്രമേ നൽകാവൂ..
വെള്ളപാത്രം എല്ലാ ദിവസവും കഴുകണം.
എല്ലാ നിപ്പിളുകളിലും വെള്ളം വരുന്നുണ്ടെന്ന് എല്ലാ ദിവസവും രാവിലെ പരിശോധിക്കണം.
*വെളിച്ചം* .
മുട്ടയുല്പാദിപ്പിക്കുന്ന കോഴികൾക്ക് വെളിച്ചം വളരെ പ്രധാനപെട്ടതാണ്.
BV380 കോഴികൾക്കും മറ്റു മുട്ടയുല്പാദിപ്പിക്കുന്ന കോഴികൾക്കും 16 മണിക്കൂർ വെളിച്ചം നിര്ബന്ധമാണ്.
12 മണിക്കൂർ സൂര്യപ്രകാശം കിട്ടിയാൽ ബാക്കി 4 മണിക്കൂർ കൃത്രിമ വെളിച്ചം നൽകണം. 4 മണിക്കൂർ ട്യൂബ് ലൈറ്റ് വെച്ച് പ്രകാശം നൽകണം. 500 കോഴികളുള്ള ഒരു ഫാർമിൽ 3 ട്യൂബ് ലൈറ്റ് എങ്കിലും നിർബന്ധമാണ്.
അല്ലാത്ത പക്ഷം മുട്ടയുല്പാദനം കുറയും.
എങ്കിലും ഷെഡിനകത്തല്ലാതെ തുറന്ന സ്ഥലങ്ങളായ ടെറസ്സിലോ കാർഷെഡിലോ വെച്ച് പത്തോ ഇരുപതോ കോഴികളെ വളർത്തുന്നവർക്കു കൃത്രിമമായ വെളിച്ചം നൽകേണ്ട ആവശ്യം വരുന്നില്ല. ഷെഡിനകത്തു കൂടു നിർമിച്ചു BV380 കോഴികൾ വളർത്തുന്നവർ നിർബന്ധമായും ട്യൂബുകൾ വെച്ച് 4 മണിക്കൂർ അധിക വേളിച്ചം നല്കേണ്ടതാണ്..
കോഴികളുടെ പീനിയൽ ഗ്രന്ഥി ഉത്തേജിപിപ്പിക്കാൻ വേണ്ടിയാണിത്.
എങ്കിൽ മാത്രമേ മുട്ടയുല്പാദനം സുഗമമായി നടക്കുകയുള്ളൂ.
അതേസമയം മുട്ടയുല്പാദനം തുടങ്ങുന്നതിനു മുമ്പ് അധിക വെളിച്ചം നൽകിയാൽ അത് 4.5 മാസം മുമ്പേ വളരെ ചെറിയ മുട്ടകൾ ഉത്പാദിപ്പിക്കാനും കാരണമാകും.
തമ്മിൽ കൊത്തുകൂടാനും വെളിച്ചത്തിന്റെ ആധിക്യം കാരണമാകും
മുട്ടയിട്ടു തുടങ്ങിയതിനു ശേഷവും വളരെ കൂടുതൽ തീവ്രതയുള്ള വെളിച്ചം 4 മണിൽകൂറിൽ കൂടുതൽ നൽകിയാൽ അതു കോഴികൾ തമ്മിൽ കൊത്തു കൂടാനും, പ്രൊലാപ്സ് പോലത്തെ അസുഖങ്ങൾക്കും കാരണമാകും.
*വെളിച്ചത്തിൽ കൃത്യത പാലിക്കുക.*
വാക്സിനേഷൻ.
എല്ലാ പ്രധാന വാക്സിനുകളും നൽകുന്നത്ആ 120 ദിവസത്തിന്റു മുമ്പാണ്. മുട്ടയിട്ടു തുടങ്ങിയാൽ കോഴിവസന്തക്കെതിക്കെതിരെയുള്ള വാക്സിനേഷൻ മാത്രം നൽകിയാൽ മതി. മാസത്തിലൊരിക്കൽ R2B വാക്സിനേഷൻ ചിറകിനടിയിൽ നൽകുക..
വിരമരുന്ന്.
രണ്ടു മാസത്തിലൊരിക്കൽ വിരമരുന്ന് നൽകുക. വിരമരുന്നു എല്ലാ പ്രാവശ്യവും മാറ്റി മാറ്റി ഉപയോഗിക്കുക.
വിരകൾ വിര മരുന്നിനെതിരെ പ്രതിരോധം നേടാതിരിക്കാൻ വേണ്ടിയാണിത്.
മേൽ പറഞ്ഞ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചു വർണം BV380 കോഴികൾ വാങ്ങാനും വളർത്താനും തുടങ്ങാൻ., എങ്കിൽ മാത്രമേ സംരംഭം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ.
ഒരു വർഷം മുട്ടയുല്പാദനം ലഭിച്ചാൽ BV380 കോഴികളുടെ മുട്ടയുത്പാദന ശേഷി ഗണ്യമായി കുറയും.
ഒരു വര്ഷത്തിനു ശേഷം കോഴികളെ ഇറച്ചിക്ക് വിൽക്കുന്നതാണ് ലാഭകരം ശേഷം പുതിയ ബാച്ച് വാങ്ങുക.
BV380
കോഴികളുടെ വാക്സിനേഷനെ കുറിച്ചും അസുഖങ്ങളെ കുറിച്ചും അടുത്ത ലേഖനത്തിൽ വായിക്കാം.
ഒന്നാം ദിവസം മുതൽ 120 ദിവസം വരെയുള്ള പരിചരണം തൊട്ടടുത്ത ലക്കത്തിലും വായിക്കാം.
ഡോ : അബ്ദു റഊഫ് പി
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ