*കോഴിഫാമുകളിൽ ഇ. കോളി അണുബാധ എങ്ങനെ ഒഴിവാക്കാം??*
കോഴിഫാർമുകളിലെ പ്രധാന പ്രതിസന്ധികളിലൊന്നാണ് ഇ.കോളി ബാക്റ്റീരിയ.
കോഴികളുടെ പ്രതിരോധ ശേഷി അല്പം കുറഞ്ഞാലോ അല്ലെങ്കിൽ കുടിക്കുന്ന വെള്ളത്തിൽ ഇ.കോളി ബാക്റ്റീരിയകളുടെ അളവ് കൂടിയാലോ ഇവ അണുബാധയായി മാറുന്നു. സാധാരണഗതിയിൽ 90 ശതമാനവും വെള്ളത്തിലൂടെയാണ് ഇ.കോളി അണുബാധ ഉണ്ടാകുന്നത്.
ഇ.കോളി ബാക്റ്റീരിയ പകുതിയിലധികം കോഴികളെ ബാധിക്കുകയും പുറമെ മരണ നിരക്ക് വളരെ പെട്ടെന്ന് കൂടാനും ചെയ്യുന്നു.
മരണം സംഭവിക്കാത്ത കോഴികൾ വളർച്ച മുരടിച്ചു വില്പന ഭാരം എത്തുകയുമില്ല.
അല്ലെങ്കിൽ തീറ്റപരിവർത്തനശേഷി ഗണ്യമായി കുറയുകയും വളർച്ചക്ക് കൂടുതൽ തീറ്റ ആവശ്യമാവുകയും വരും.
*എങ്ങനെ തടയാൻ സാധിക്കും??*
ഇനി പറയുന്ന കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചാൽ ഇ.കോളി ബാക്റ്റീരിയയിൽ നിന്ന് നമുക്ക് നമ്മുടെ കോഴികളെ സംരക്ഷിക്കാം.
കോഴികൾ ഏറ്റവും കൂടുതൽ ആഹരിക്കുന്ന പോഷകം വെള്ളമാണ്. വില കൂടിയ സോയ പ്രോട്ടീനെക്കാളും, ചോളത്തേക്കാളും, ഒരു കിലോക്ക് 31 രൂപ നൽകുന്ന സ്റ്റാർട്ടർ തീറ്റയയെക്കാളും കോഴിക്ക് ആവശ്യം വെള്ളമാണ്.
ഒരു ദിവസം കഴിക്കുന്ന തീറ്റയുടെ 2.5 ഇരട്ടി വെള്ളം കോഴികൾ കുടിക്കും, വേനൽകാലത്തു മൂന്നിരട്ടിയും.
വെള്ളം നമ്മൾ പ്രധാനപെട്ട പോഷകാമായിത്തന്നെ കാണണം. വില കുറവായതു കൊണ്ട് വിലകുറച്ചു കാണരുത്.
ഈ വെള്ളത്തിലൂടെയാണ് ഇ കോളി ബാക്ടീരിയകൾ കോഴികളിൽ പ്രവേശിക്കുന്നത്. അതു കൊണ്ട് അണുനശീകരണം നടത്തിയ ശുദ്ധമായ വെള്ളം മാത്രമേ കോഴികൾക്ക് നൽകാവൂ.
നമ്മൾ വീട്ടിൽ ഉപയോഗിക്കുന്നതിനേക്കാൾ ശുദ്ധമായ വെള്ളം കോഴിക്ക് കൊടുക്കണം.
*1.ഫാം തുടങ്ങുന്നതിനു മുമ്പ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?*
ഫാം തുടങ്ങുന്നതിനു മുമ്പ് വെള്ളത്തിന്റെ ഘാടതയും ph ഉം(അംളതയും ) ജല അതോറിറ്റിയുടെ ലാബിൽ പരിശോധിക്കണം. 600 ണു മുകളിൽ ഘാടതയും 9 ണു മുകളിൽ ph ഉം ഉള്ള വെള്ളം ഫാം നടത്താൻ അനുയോജ്യമല്ല. നമ്മുടെ കോഴികൾ ഉദ്ദേശിച്ച സമയത്ത് പൂർണ വളർച്ചയെത്തില്ല.
ഇ.കോളി അണുബാധയും കൂടുതലായിരിക്കും.
*2. കോഴി കുഞ്ഞുങ്ങൾ ഇറക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.*
ഒരു ബാച്ച് കഴിഞ്ഞ് അടുത്ത ബാച്ച് കോഴിയിറക്കുന്നതിനു മുമ്പ് വാട്ടർ ടാങ്കും പൈപ്പ്‌ലൈനിന്റെ അകവും കൃത്യമായി വൃത്തിയാക്കണം.
വാട്ടർ ടാങ്ക് ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു കഴുകുക.
പൈപ്പ്‌ലൈനിന്റെ ഉള്ളിൽ ബാക്റ്റീരിയ വഴുവഴുപ്(ബയോഫിലിം ) ഉണ്ടാക്കിയിട്ടുണ്ടാകും ഇത് ബാക്റ്റീരിയകളുടെ കോളനികളാണ്, ഇതു നീക്കം ചെയ്യാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചാൽ മതി.അല്ലാതെ പൈപ്പ് മുഴുവൻ അഴിച്ചെടുക്കേണ്ട ആവശ്യമൊന്നുമില്ല.
1000 ലിറ്ററിന്റെ ടാങ്കിൽ 200ലിറ്റർ വെള്ളം എടുത്ത് അതിൽ 10ലിറ്റർ( 5%) ഹൈഡ്രജൻ പേരോക്സൈഡ് ലായനി ചേർത്ത് എല്ലാ പൈപ്പ്‌ലൈനും തുറക്കുക. പൈപ്പ്‌ലൈനിന്റെ അവസാന ഭാഗം തുറന്നു വെക്കുക. ഹൈഡ്രജൻ പേരോക്സൈഡ് അവസാനം വരെ എത്തി എന്ന് ഉറപ്പായാൽ ടാപ് വെച്ച് അടക്കുക, ശേഷം 24 മണിക്കൂർ കാത്തിരിക്കുക. 24 മണിക്കൂറിനു ശേഷം ടാങ്കിൽ മുഴുവനോ പകുതിയോളമോ വെള്ളം നിറച്ചു പൈപ്പ്‌ലൈനിന്റെ അവസാനം ഭാഗം തുറന്നു വിടുക. പൈപ്പ്‌ലൈൻറെ അകത്തുള്ള എല്ലാ അഴുക്കും കൂടെ എല്ലാ ബാക്ടരിയകളും, ഇ. കോളി ബാക്ടരിയകളും പുറത്തേക്ക് പോകും. ശേഷം നല്ല വെള്ളം കൊണ്ട് ഒരിക്കൽ കൂടി ഫ്ലഷ് ചെയ്യുക.
ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ചിന് മുമ്പ് വെള്ളപ്പാത്രം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു കഴുകുക.
ശേഷം അണുനാശിനി ലായനി യിൽ രണ്ടു മണിക്കൂറെങ്കിലും വെള്ളപ്പാത്രം മുക്കി വെക്കുക.
അണുനാശിനിയുടെ അളവ് ബോട്ടിലിനു പുറത്തെ കുറിപ്പു നോക്കിയോ ഡോക്ടറുമായി സംസാരിച്ചോ ഉറപ്പിക്കേണ്ടതാണ്.
വെള്ളപാത്രം അഴിച്ചിട്ടു, വൃത്തിയാക്കി വീണ്ടും ഘടിപ്പിക്കുക. എങ്കിൽ മാത്രമേ ശുചീകരം കാര്യക്ഷമമാകുകയോള്ളൂ.
പൈപ്പ്‌ലൈനിൽ വെച്ച് കഴുകിയാൽ പൂർണമാകില്ല.
*3.കോഴിക്കുഞ്ഞുങ്ങൾ എത്തിയ ശേഷം ദിവസേന ചെയ്യേണ്ടത്*
അണുനശീകരം നടത്തിയ വെള്ളം മാത്രമേ കോഴികൾക്ക് കൊടുക്കാവൂ. ഇ.കോളി ബാക്ടീയകളെ ഉദ്ദേശിച്ചിട്ടാണ് പ്രത്ത്യേകിച്ചും വെള്ളം ശുദ്ധീകരിക്കുന്നതും അണുനശീകരം നടത്തുന്നതും.
1000 ലിറ്റർ വെള്ളത്തിനു 40 ഗ്രാം ബ്ലീച്ചിങ് പൗഡറോ , അല്ലെങ്കിൽ ഒരു ക്ളോറിൻ ഗുളികയോ, അല്ലെങ്കിൽ മറ്റു അണു നശീകരണ ലായനികളോ ഉപയോഗിക്കാം. എല്ലാ മരുന്നുകളും ബോട്ടിലിന്റെ മുകളിലെ കുറിപ് നന്നായി വായിച് മനസിലാക്കി മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ വെറ്റിനറി ഡോക്ടറുടെ സഹായം തേടുക.
എല്ലാ ദിവസവും രാവിലെ വെള്ളപാത്രം ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ചു പരുപരുത്ത ചകിരിപോലത്തെ എന്തെങ്കിലും കൊണ്ട് വൃത്തിയാക്കുക.
വെള്ളപ്പത്രത്തിന്റെ മുകളിൽ വഴുവഴുപ് ഉണ്ടായിട്ടുങ്കിൽ അതു പോകുന്നത് വരെ വൃത്തിയാക്കണം, വഴു വഴുപ് ബാക്ടരിയകളുടെ കോളനികളാണ്.
*4.മഴക്കാലത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..*
ഇ.കോളി ബാക്റ്റീരിയകളുടെ ആക്രമണം കൂടുതൽ ഉള്ളത് മഴക്കാലത്താണ്.
മഴക്കാലത്തു വെള്ളത്തിന്റെ എല്ലാ സ്രോതസ്സുകളും മലിനമാകുന്നത് തന്നെ കാരണം. അതുകൊണ്ട് വെള്ളത്തിൽ ബാക്ടീരിയകളുടെ അളവും കൂടും. അതിനാൽ നമ്മൾ സ്ഥിരരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അണുനാശിനിയുടെ അളവ് വർധിപ്പിക്കണം.
40 ഗ്രാം ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കുന്നവർ 50-60 ഗ്രാമീലേക്കും, ആയിരം ലിറ്റർ വെള്ളത്തിനു ഒരു ഗുളിക ചേർക്കുന്നവർ 2 ഗുളികയിലേക്കും,300 മില്ലി ആണുനാശിനി ലായിനി ചേർക്കുന്നവർ 450-500 മില്ലിയിലേക്കും അളവ് വർധിപ്പിക്കുക. അളവ് തീരുമാനിക്കുന്നതിനു മുമ്പ് വെറ്റിനറി ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഉചിതം.
എന്തെങ്കിലും കാരണവശാൽ ഫാമിനകത്തു ചകിരിച്ചൊറിലേക്ക് വെള്ളം ലീകേജ് ആയാൽ ഉടൻ തന്നെ നനഞ്ഞ ചക്കിരിച്ചോർ മാറ്റി പുതിയത് വിരിക്കേണ്ടതാണ്.തറയിലുള്ള വെള്ളം കോഴി കുടിക്കാൻ കാരണമായാൽ ഇ. കോളി വരാൻ സാധ്യത ഉണ്ട്.
*5.സ്ഥിരമായി ചെയ്യേണ്ട പരിശോധനകൾ.*
വർഷത്തിലൊരിക്കൽ വെള്ളത്തിന്റെ ഘാഡതയും അംളതയും ജല അതോറിറ്റിയുടെ ലാബിൽ നിർബന്ധമായും പരിശോധിക്കുക.
6 മാസത്തിലൊരിക്കൽ അണുനാശിനി ഉപയോഗിച്ച വെള്ളത്തിലെ, മൊത്തം ബാക്റ്ററിയയുടെയും ഇ. കോളിയുടെയും അളവ്, മൃഗസംരക്ഷണ വകുപ്പിന്റെ ലാബുകളിൽ പരിശോധിക്കുക.
നമ്മൾ ഉപയോകിക്കുന്ന അണുനാശിനിയുടെ പ്രവർത്തനക്ഷമത അറിയാൻ വേണ്ടിയാണു ഉത്.
നിങ്ങളുടെ വെള്ളത്തിൽ ഒരു അണുനാശിനി പ്രവർത്തിക്കുന്നില്ലെങ്കിൽ അതു മറ്റെവിടെയും പ്രവർത്തിക്കില്ല എന്നു കരുതാൻ പാടില്ല. നിങ്ങൾക്കു വേറെ അണുനാശിനി ഫലപ്രദമായി ഉപയോഗിക്കാവുന്നതുമാണ് എന്നും മനസ്സിലാക്കേണ്ടതാണ് .
വെള്ളത്തിന്റെ കൃത്യമായ അണു നശീകരണവും,വാട്ടർ ടാങ്കും പൈപ്പ്‌ലൈനും കൃത്യമായി വൃത്തി യാക്കുന്നതും കാരണം, ഇ. കോളി തടയാനും ശുദ്ധമായ വെള്ളം കോഴികൾക്ക് നൽകാനും കഴിയുന്നു.
കൂടെ കൃത്യമായ പരിശോധനകളും, വെറ്റിനറി ഉപദേശങ്ങളും കൂടിയായാൽ ഫാമിൽ നിന്ന് ഈ.കോളി അണുബാധ പൂർണമായി ഒഴിവാക്കാവുന്നതാണ്.
ഡോ : അബ്ദു റഊഫ് പി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ